സർവ്വ ശക്തനായ അവതാരമോ പരാജിതനായ അധികാരിയോ?

തന്റെ സമാനതകളില്ലാത്ത ശക്തികളെ കുറിച്ച്, ഈ പ്രപഞ്ചത്തിന്റെ തെന്നെ സ്രഷ്ടാവ്‌ താനാണെന്ന്, പല തവണയായി ബാബ അവകാശവാദങ്ങൾ പറഞ്ഞിട്ടുണ്ട്. അതിൽ ഏറെ കീർത്തി നേടിയത് 1968ലെ പ്രഭാഷണമാണ്. ”ദിവ്യ ശക്തിക്ക് സാധിക്കാത്തതായി ഒന്നും തന്നെയില്ല, അതിനു ഭൂമിയെ ആകാശമാക്കാനും ആകാശത്തെ ഭൂമിയാക്കാനും സാധിക്കും. ഞാൻ വസ്തുക്കളെ സൃഷ്ടിക്കുന്നത് എന്തിനെന്നോ എങ്ങിനെയെന്നോ നിങ്ങൾക്കാർക്കും മനസ്സിലാക്കുക സാദ്ധ്യമല്ല. ഈ പ്രപഞ്ചത്തെ ഞാൻ എന്റെ ഇച്ഛയാൽ എങ്ങിനെ സൃഷ്ടിച്ചുവോ അത് പോലെ ഓരോ വസ്തുക്കളെയും എന്റെ ഇച്ഛ കൊണ്ട് ഞാൻ സൃഷ്ടിക്കുന്നു. ഇതിനെ സംശയിക്കുക എന്നാൽ നിങ്ങൾക്ക് പ്രപഞ്ചത്തിന്റെ ഗാംഭീര്യത്തെയോ മഹത്തായ മറ്റ് കാര്യങ്ങളെയോ മനസ്സിലാക്കാൻ സാധ്യമല്ല എന്നതിന്റെ തെളിവാണ്.” (43 ആം ജന്മദിന പ്രഭാഷണം – 23 ഡിസംബർ, 1968)ഈ വാക്കുകൾ മുൻനിർത്തി ധാരാളം ഭക്തന്മാർ ബാബക്ക് അസാധ്യമായി ഒന്നും തന്നെ ഇല്ല എന്ന് വിശ്വസിക്കുന്നു. നല്ല ഭക്തൻ (ഭക്ത) ആയിരിക്കുക എന്നാൽ യാതൊരു സംശയങ്ങളുമില്ലാതെ വിശ്വസിക്കുക എന്നാണവർ കരുതുന്നത്. സുനാമി ആണെങ്കിലും ഒരു പാൽ പാത്രം തുളുമ്പി പോകുന്നതാണെങ്കിലും – സംഭവിക്കുന്നതെല്ലാം ”സ്വാമിയുടെ ഇച്ഛ,” എന്ന് അവർ അടിയുറച്ച് വിശ്വസിക്കുന്നു. ബാബ അവകാശപ്പെടുന്നതും അങ്ങിനെ തന്നെ ആണല്ലോ. ബാബയുടെ ജീവചരിത്രകാരനായ പ്രൊഫ. കസ്തൂരി തന്റെ രചനകളിലെല്ലാം ഈ ഒരു വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചിരിക്കുന്നു. കുപ്രസിദ്ധമായ 1993ലെ മന്ദിരം വെടിവെപ്പും മരണങ്ങളും പോലും ഇക്കൂട്ടത്തിൽ പെടുന്നു. വിശ്വം മുഴുവൻ നിയന്ത്രിക്കുന്ന ”ദിവ്യ സംവിധായകൻ” എന്ന നിലയിൽ അന്ന് നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം ബാബയ്ക്ക്‌ തന്നെയാണ്. ഭക്തിയുടെ അന്ധത ബാധിച്ച, വിഭ്രാന്തി കലർന്ന വിശ്വാസികളാകട്ടെ തങ്ങൾക്കു സംഭവിക്കുന്ന ദുരിതങ്ങളെ പോലും ”ഉർവശീ ശാപ’മായാണ് കരുതുന്നത്. അവയെല്ലാം ആധ്യാത്മിക പാഠങ്ങളും ഗുരുവിന്റെ പരീക്ഷണങ്ങളും ആണത്രേ!

എന്നാൽ ആശ്രമത്തിൽ നടക്കുന്ന കാര്യങ്ങളിന്മേൽ നിയന്ത്രണമില്ലാതെ ബാബ നിസ്സഹായനായിരുന്നുവെന്ന് ദീർഘകാലം ‘സനാതന സാരഥി’യുടെ എഡിറ്റർ ആയിരുന്ന ശ്രീ വി കെ നരസിംഹൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബാബയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ ഇന്ത്യൻ പ്രസിഡന്റിനെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് വി കെ നരസിംഹനും ബാബയും തമ്മിലുള്ള ഒരു സംഭാഷണം ഇത് വെളിവാക്കുന്നു. അത്രയധികം ജനങ്ങൾ ഒത്തുചേരുന്ന ഒരു ചടങ്ങിൽ പ്രസിഡന്റിനെ സാന്നിധ്യം ധാരാളം പ്രശ്നങ്ങൾ ഉളവാക്കും, കരിമ്പൂച്ചകളും മറ്റ് പ്രത്യേക സംരക്ഷണ സേനകളും അടങ്ങുന്ന പ്രസിഡണ്ടിന്റെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ചടങ്ങുകൾ വൈകുന്നതിനും തിരക്കിനും ഇടയാക്കുമെന്നും ജന്മദിനത്തിനായി തടിച്ചു കൂടിയിരിക്കുന്ന സാധാരണ ഭക്തന്മാർക്ക് ഇത് ബുദ്ധിമുട്ടാകുമെന്നുമായിരുന്നു നരസിംഹന്റെ വാദം. എന്നാൽ ഇക്കാര്യത്തിൽ താൻ നിസ്സഹായനാണെന്നായിരുന്നു ബാബയുടെ നിലപാട്. ഇന്ത്യൻ പ്രസിഡന്റ് തന്നെ കാണാൻ തീരുമാനിച്ചാൽ തനിക്കതിലൊന്നും ചെയ്യാനാകില്ലെന്ന്!ആശ്രമത്തിനകത്ത് വെച്ച് 1993ൽ കൊലപാതകങ്ങൾ നടന്നപ്പോഴും ബാബയ്ക്ക് അതിൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ലെന്നാണ് നരസിംഹൻ വിശ്വസിക്കുന്നത്. യഥാർത്ഥത്തിൽ ബാബയുടെ ഇളയ സഹോദരനായ ജാനകീരാമയ്യ  ആയിരുന്നു അതിന്റെ സൂത്രധാരൻ. സായി സെൻട്രൽ ട്രസ്റ്റിന്റെ അംഗങ്ങളെയോ പ്രധാന ആശ്രമ ഉദ്യോഗസ്ഥരെയോ എന്തിനു സ്വന്തം ഇളയ സഹോദരനെ തന്നെയോ നിയന്ത്രിക്കുവാൻ ബാബക്ക് സാദ്ധ്യമായിരുന്നില്ല. ബാബയുടെ കിടപ്പറയിൽ അതിക്രമിച്ചു കയറിയ ശേഷം പിടിക്കപ്പെട്ട ആ നാല് പേരെ നിരായുധരാക്കി മുറിയിൽ അടച്ചിട്ട ശേഷം ആലോചിച്ചുറപ്പിച്ച് വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്നുണ്ടായേക്കാവുന്ന നിയമ യുദ്ധങ്ങളിൽ നിന്നും അവരെ ഒഴിവാക്കാൻ അതല്ലാതെ മറ്റൊരു മാർഗ്ഗം ആശ്രമം അധികാരികളുടെ മുന്നിൽ ഇല്ലായിരുന്നു.

2002 മുതൽ തന്നെ പരസഹായമില്ലാതെ നടക്കാൻ ബാബയ്ക്ക് സാധ്യമല്ലായിരുന്നു. അത്യന്താധുനിക സജ്ജീകരണങ്ങളോട് കൂടിയ വീൽ ചെയർ ഉപയോഗിച്ചായിരുന്നു പിന്നീട് ബാബയുടെ സഞ്ചാരം. ഇടുപ്പിനു നടത്തിയ ശസ്ത്രക്രിയക്കു ശേഷം ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചതിനാലായിരുന്നു ഇത്. വിശ്വാസികൾക്ക് ഇത് ‘ദിവ്യലീല’യുടെ ഭാഗം തന്നെ ആയിരുന്നു. താൻ സ്വയം ഭഗവാൻ ആയതിനാൽ തനിക്ക് പ്രാർത്ഥനയുടെയോ സാധനയുടെയോ ആവശ്യങ്ങൾ ഇല്ല എന്നായിരുന്നു എക്കാലവും ബാബയുടെ അവകാശം. സാധനകളുടെ അനുഗ്രഹങ്ങൾ താൻ തന്നെയാണ് നൽകുന്നതെന്നാണ് ബാബ പറയാറുള്ളത്. എന്നാൽ സ്വന്തം ആരോഗ്യം നിലനിർത്തുന്നതിൽ ബാബ പരാജയപ്പെട്ടു എന്നതാണ് വാസ്തവം. ഇത് മരണം വരെയും തുടർന്നു.2000 ലെ ക്രിസ്തുമസ് പ്രഭാഷണത്തിൽ തന്നെയും തന്റെ പ്രവർത്തനങ്ങളെയും ശരിയായ രീതിയിലല്ല ചിലർ വിലയിരുത്തുന്നതെന്ന് ബാബ കുറ്റപ്പെടുത്തുകയുണ്ടായി. അക്കാലത്ത് അടിക്കടി തനിക്കെതിരെ ഉയർന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഉൾപ്പെട്ട ലൈംഗികാരോപണങ്ങൾ ബാബയെ വിഷണ്ണനാക്കിയിരുന്നിരിക്കാം. തന്റെ വീഴ്ചകളെയും പരിമിതികളെയും കുറിച്ച് മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോൾ ഇത്തരം ഗർവിഷ്ഠങ്ങളായ ആരോപണങ്ങൾ തുടർന്നും ബാബയിൽ നിന്നുണ്ടായിട്ടുണ്ട്. വിമർശനങ്ങൾക്ക് നേരെ പുഞ്ചിരിക്കുന്ന മുഖവുമായി നിലകൊള്ളണമെന്ന ബാബയുടെ തന്നെ സന്ദേശത്തിന് എത്ര വിരുദ്ധമായിരുന്നു അത് എന്ന് ഓർക്കുന്നത് നന്നായിരിക്കും. സർവജ്ഞനായ ഒരു അവതാരത്തിൽ നിന്നും പ്രതീക്ഷിക്കാവുന്നതിൽ നിന്നെത്രയും താഴെ ആയിരുന്നു ഈ പ്രവൃത്തികൾ. അതിനു ശേഷം ബാബ തുറന്നു ചിരിക്കുന്നത് പോലും കാണാറുണ്ടായിരുന്നില്ല, മുഖത്ത് എപ്പോഴും ഉണ്ടായിരുന്നത്  വികാരരഹിതമായ ഒരു നിസ്സംഗഭാവം മാത്രം. അടുത്ത് ഇടപഴകുന്നവർ പലപ്പോഴും സ്വകാര്യമായി ബാബ കരയാറുള്ളതായി പറഞ്ഞിട്ടുണ്ട്. 85 ആം ജന്മദിനത്തിൽ ബാബ കരയുന്നതിന്റെ വീഡിയോ ഇന്റർ നെറ്റിൽ ലഭ്യമാണ്.

ജനസംഖ്യാ വിസ്ഫോടനവും ദാരിദ്ര്യവും പിടിച്ചു നിർത്താനാകാത്ത വിധം ഏഷ്യയിൽ വർദ്ധിച്ചു വരികയും, എയിഡ്സ്, അഴിമതി, തുടങ്ങിയവ മൂന്നാം ലോക രാജ്യങ്ങളിൽ പടർന്നു പന്തലിക്കുകയും ചെയ്യുന്ന കാലമാണിത്. ലോകത്താകെ പരിസ്ഥിതി അനുദിനം ശുഷ്കിച്ചു കൊണ്ടിരിക്കുകയും അസംഖ്യം ജൈവ വർഗ്ഗങ്ങളും ജീവിത വിഭവങ്ങളും അന്യം നിന്ന് പോകുകയും ചെയ്യുന്നു. ലോകഗതിയിൽ  കഷ്ടപ്പാടുകളും മരണങ്ങളും മുന്പെങ്ങുമില്ലാത്ത വിധം വർദ്ധിക്കുമ്പോൾ ഇന്നത്തെ ഇന്ത്യ ഇതിനൊന്നുമൊരു അപവാദമല്ല. ബാബയുടെ സന്ദേശങ്ങളിൽ അവകാശപ്പെടുന്ന ലോകത്തിൽ എല്ലാത്തിന്റെയും മുകളിലുള്ള പൂർണ്ണ നിയന്ത്രണം ബാബയ്ക്ക് ഇല്ലെന്നു മാത്രമല്ല സ്വന്തം കാര്യങ്ങളിൽ പോലും അത് പരിമിതമാണ് എന്ന് സ്വതന്ത്രമായ ഒരു നിരീക്ഷകന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം.

സ്വാഗതം

കഴിഞ്ഞ അര നൂറ്റാണ്ടോളം ഇന്ത്യൻ ആദ്ധ്യാത്മിക രംഗത്ത് നിറഞ്ഞു നിന്ന ഗുരുവാണ് ശ്രീ സത്യസായി ബാബ. ആതുര ശുശ്രൂഷ, ജലവിതരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സമാനതകളില്ലാത്ത സൗജന്യ സേവനം കാഴ്ചവെച്ച് നമ്മുടെ വികസ്വര സമൂഹത്തിൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞു കൊണ്ടിരുന്നപ്പോഴും വിവിധ ആരോപണങ്ങളുടെ കരിനിഴൽ ബാബയെയും ബാബ നേതൃത്വം നല്കിയ ‘സത്യസായി സേവാ സംഘടന’യെയും എന്നും പിന്തുടർന്നിരുന്നു. ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബാബയെ കുറിച്ചുള്ള വസ്തു നിഷ്ഠമായ ഒരു പഠനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.