സത്യ സായി ബാബ

സത്യ നാരായണ രാജു എന്ന പേരില്‍ ആന്ധ്ര പ്രദേശിലെ പുട്ടപര്‍ത്തിയില്‍ ജനനം – ഇന്ന് സത്യസായി ബാബയെ ലോകത്തെമ്പാടുമുള്ള തന്റെ അനുയായികള്‍ പൂര്‍ണ്ണാവതാരം എന്ന നിലയില്‍ ആരാധിച്ചു പോരുന്നു. ബാലനായിരിക്കുമ്പോള്‍ പ്രകടിപ്പിച്ച അത്ഭുത സിദ്ധികള്‍ മനുഷ്യാകാരം പൂണ്ട ദൈവം എന്ന നിലയിലേക്ക് സത്യനെ വളര്‍ത്തുക ആയിരുന്നു. തന്റെ യൗവന കാലമാകുമ്പോഴേക്ക് സത്യന്‍ ഗ്രാമീണര്‍ക്കിടയില്‍ ഒരു മിത്തായി മാറിക്കഴിഞ്ഞിരുന്നു. താൻ ഷിർഡി സായി ബാബയുടെ പുനരവതാരമാണെന്ന സത്യന്റെ അവകാശ വാദം ബഹുഭൂരിപക്ഷം ഷിർഡി സായി ഭക്തർ ഇന്നും അംഗീകരിക്കുന്നില്ല. തന്നില്‍ ആകൃഷ്ടരായ ജനങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവായി മാറാന്‍ തന്റെ ജീവിത കാലത്തെ ദിവ്യാദ്ഭുതങ്ങളിലൂടെയും മറ്റ് ലീലകളിലൂടെയും ബാബക്ക് സാധിച്ചു. ഈ ലീലകളുടെ വിശ്വസ്ഥതയെ കാലാ കാലങ്ങളില്‍ പലരും ചോദ്യം ചെയ്തെങ്കിലും താന്‍ സര്‍വ്വ ശക്തനും സര്‍വ്വവ്യാപിയും സര്‍വ്വാന്തര്യാമിയും സകലം അറിയുന്നവനുമാണെന്ന് ബാബ തന്റെ വിശ്വാസികളെ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. വിശ്വാസികാളാകട്ടെ തങ്ങളുടെ വൈയക്തികമായ യുക്തികളിലൂടെ ഇക്കാര്യത്തെ സംശയിക്കാതെ സ്വീകരിക്കുകയും ചെയ്തു.

സ്വാഭാവികമായും ഹൈന്ദവ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും തന്നെയാണ് തന്റെ പ്രവര്‍ത്തന പദ്ധതികളില്‍ ബാബ പ്രാമുഖ്യം കൊടുത്തത്. എങ്കിലും സകല മതവിശ്വാസങ്ങളുടെയും സമന്വയമായിരുന്നു സത്യസായി രീതികള്‍, പുതിയൊരു മതം സ്ഥാപിക്കുകയല്ല മറിച്ച് ഓരോ മതസ്ഥരോടും താന്താങ്ങളുടെ മത തത്ത്വങ്ങള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ പ്രേരിപ്പിക്കുക മാത്രമാണ് താനെന്ന് പല അവസരങ്ങളിലായി ബാബ സൂചിപ്പിച്ചിട്ടുണ്ട്. വിവിധ മതങ്ങള്‍ക്കിടയില്‍ വിശ്വസ്തതയും സ്വീകാര്യതയും വളര്‍ത്താന്‍ ഇതൊരു കാരണമായിരുന്നു. എങ്കിലും തന്റെ മാതാപിതാക്കളടക്കം എല്ലാവരോടും തന്നെ ആരാധിക്കുവാന്‍ സായിബാബ ആവശ്യപ്പെടുകയും ചെയ്തു. അവതാരമെന്ന നിലയില്‍ ജനങ്ങള്‍ ബാബയെ നിരന്തരം വണങ്ങി കൊണ്ടിരുന്നു. പതിറ്റാണ്ടുകളോളം തന്റെ ഭക്തര്‍ക്ക് ‘പാദനമസ്കാരം’ അനുവദിച്ചിരുന്നുവെങ്കിലും ഇടക്കാലത്ത് ഈ പ്രവൃത്തി താനും ഭക്തനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് ബാബ തന്നെ നിര്‍ത്തിവെക്കുകയും ഉണ്ടായി. ശൂന്യതയില്‍ നിന്നും രത്ന മോതിരങ്ങള്‍, വാച്ചുകള്‍, വിഭൂതി മുതലായവ സൃഷ്ടിച്ച് തന്റെ ഭക്തര്‍ക്ക് നല്‍കുക ബാബയുടെ പതിവായിരുന്നു. ഇവ വെറും കയ്യടക്കം കൊണ്ട് ഏതു മാന്ത്രികനും സാധിക്കാവുന്നതാണെന്ന് വിശ്വസിച്ച ധാരാളം വിമര്‍ശകര്‍ ഉണ്ടായിരുന്നെങ്കിലും ആയിരക്കണക്കിന് ഭക്തരെ സംബന്ധിച്ചിടത്തോളം അവ ദിവ്യ ലീലകള്‍ ആയിരുന്നു. 

വിശേഷാവസരങ്ങളില്‍ സ്വര്‍ണ്ണ സിംഹാസനത്തിലും രഥങ്ങളിലും എഴുന്നള്ളുക ബാബയുടെ രീതിയായിരുന്നു. എന്നാല്‍ ഇന്ത്യയുടേത് പോലുള്ള ദരിദ്ര സമൂഹങ്ങളില്‍ പണം ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ബാബ തന്നെ പല അവസരങ്ങളിലും വിമര്‍ശിക്കാറുമുണ്ടായിരുന്നു. വാക്കിലെയും പ്രവൃത്തിയിലെയും ഈ വൈരുധ്യം ഒരു പക്ഷെ ബാബയുടെ കപടതയുടെ തെളിവായി കണക്കാക്കുകയും ചെയ്യാം. ആദ്യകാലങ്ങളില്‍ ഭക്തര്‍ സമ്മാനിക്കുന്ന പുഷ്പ മാലകള്‍ തന്റെ കഴുത്തിലിടുന്നതും ബാബയുടെ ശീലമായിരുന്നു. എന്നാല്‍ പിന്നീട് ഇത് വളരെ അപൂര്‍വ്വമായിരുന്നു. ലഭിക്കുന്ന മാലകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിയ ശേഷം തിരിച്ചു നല്കുക ആയിരുന്നു പതിവ്. എങ്കിലും മറ്റുള്ളവരെ ആത്മ സാക്ഷാത്കാരം പഠിപ്പിക്കാന്‍ താന്‍ സ്വയം ഭൂമിയില്‍ അവതരിച്ചതാണെന്നും തന്നെ ആരാധിക്കുക എന്നതാണ് ഈ കാലഘട്ടത്തില്‍ മുക്തിക്കുള്ള ഏക മാര്‍ഗ്ഗമെന്നും ബാബ ഇടക്കിടെ തന്റെ അനുയായികളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.
നാം അറിയുന്നില്ലെങ്കിലും എല്ലാവരിലും ദൈവികതയുടെ ഒരു കണമുണ്ടെന്നും അത് തിരിച്ചറിയുക എന്നതാകണം നമ്മുടെ ആദ്ധ്യാത്മ ചിന്തയുടെ ലക്ഷ്യമെന്നും ബാബ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ 2000ലെ ക്രിസ്തുമസ് പ്രഭാഷണത്തിനിടെ ഇതിനു വിരുദ്ധമായി ദൈവികതയില്ലാത്ത ചില ചെകുത്താന്മാര്‍ ഉണ്ടാകാമെന്നും വിശേഷിച്ച് തന്നില്‍ ആരോപണങ്ങള്‍ ഉന്നയിച്ച ചില ജൂദാസുമാര്‍ ഇതിനുദാഹരണമാണെന്നും ബാബ പറഞ്ഞു.ബാബയുടെ ജീവിത കാലം മുഴുവന്‍ തന്റെ അനുയായി വര്‍ഗ്ഗം വര്‍ദ്ധിച്ചു കൊണ്ടിരുന്നു. ലോകത്ത് ഏറ്റവും സംഘടിതവും വ്യവസ്ഥാപിതവുമായ വ്യക്ത്യധിഷ്ടിത ധര്‍മ്മമായി സത്യ സായി സംഘടന വളര്‍ന്നത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലാണ്. പുട്ടപര്‍ത്തിയിലെ തന്റെ ആശ്രമത്തില്‍ നിത്യേന എത്തുന്ന ആയിരങ്ങളുടെ ശ്രദ്ധാകേന്ദ്രം എന്നും ബാബ തന്നെ ആയിരുന്നു. ബാബയുടെ ചില ജന്മദിനങ്ങളില്‍ പ്രശാന്തി നിലയത്തില്‍ സംഘടിച്ച ഇവരുടെ സംഖ്യ ഏതാണ്ട് രണ്ടര ലക്ഷത്തോളം ഉണ്ടായിരുന്നു (എങ്കിലും ഊഹാപോഹങ്ങളിലും ഊതി വീര്‍പ്പിച്ച കണക്കുകളിലും അഭിരമിക്കുന്ന സത്യ സായി സംഘടനയെ ഈ സംഖ്യ മുപ്പത് ലക്ഷത്തോളം എന്നാണു പറഞ്ഞത് – ആശ്രമത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് തികച്ചും അസാദ്ധ്യമാണ്). 1996 ലെ 70ആം ജന്മദിനത്തിനു ശേഷം നിയന്ത്രിക്കാനാകാത്ത ജനത്തിരക്കു കാരണം ബാബയുടെ സാമീപ്യം സാധാരണ ഭക്തര്‍ക്ക് ഏതാണ്ട് അപ്രാപ്യമായിരുന്നു.2002ല്‍ ഒരപകടത്തെ തുടര്‍ന്ന് ഇടുപ്പെല്ലിനു പരിക്കേറ്റ ബാബ പിന്നീട് തന്റെ അനുയായികളെ സന്ദര്‍ശിക്കുന്നത് ഒരു വീല്‍ ചെയറില്‍ ആയിരുന്നു. അതിനു ശേഷം അതി വിരളമായി മാത്രമേ ബാബ ഇന്റര്‍വ്യൂകള്‍ നല്‍കാറുമുണ്ടായിരുന്നുള്ളൂ. 2011മാര്‍ച്ചില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാബയ്ക്ക് ഹൃദയ ശസ്ത്രക്രിയക്ക് ശേഷം പേസ് മൈക്കര്‍ ഘടിപ്പിച്ചു നല്കിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാബയുടെ അന്താരാവയങ്ങള്‍ ഓരോന്നായി പ്രവര്‍ത്തനം നിലക്കുക ആയിരുന്നു. ചികിത്സകള്‍ ഫലപ്രദമാകുന്നില്ലെന്നു കണ്ട് ഏപ്രില്‍ 23 നു ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങളുടെ സഹായം നിര്‍ത്തി വെച്ചതോടെ തന്റെ ആയിരക്കണക്കിന് അനുയായികളെ ദുഖത്തിലാഴ്ത്തി ബാബ ഇഹലോക വാസം വെടിയുക ആയിരുന്നു. മരണം മുന്നില്‍ കണ്ടെന്നതു പോലെ ഇതിനകം അന്ത്യ കര്‍മ്മങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രശാന്തി നിലയത്തില്‍ നടന്നു കഴിഞ്ഞിരുന്നു.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s